ചെങ്ങന്നൂർ: കഴിഞ്ഞ നാലു പതിറ്റാണ്ടായി നാമമാത്രമായി മാറിയ ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാനുള്ള നടപടികൾക്ക് വേഗമേറുന്നു. നദിയുടെ പുനരുജ്ജീവനത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ എണ്ണയ്ക്കാട്, പുലിയൂർ വില്ലേജുകളിൽ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സാറ്റലൈറ്റ് സർവേ വിജയകരമായി പൂർത്തിയാക്കി. ഇറിഗേഷൻ, റവന്യു, സർവേ, പരിസ്ഥിതി, ഭൂവിഭവം എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടന്നത്.
വിദഗ്ധ സമിതി
നദി വീണ്ടെടുക്കാൻ വിദഗ്ധസമിതി വേണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർപേഴ്സണായുള്ള 17 അംഗ സമിതി കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ചിരുന്നു. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസിലെ മുൻ ശാസ്ത്രജ്ഞൻ ഡോ. ഡി. പത്മലാൽ, സിഡബ്ല്യുആർഡിഎമ്മിലെ ഡോ. ടി.എം. ശരണ്യ തുടങ്ങിയ പ്രമുഖർ അടങ്ങുന്നതാണ് സമിതി. ആലാ റൂറൽ ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സമർപ്പിച്ച ഹർജിയാണ് നദി വീണ്ടെടുക്കൽ പ്രക്രിയയ്ക്ക് ഊർജമായത്.
കൈയേറ്റങ്ങൾ
വെൺമണി മുതൽ ബുധനൂർ വരെ 18 കിലോമീറ്റർ നീളമുണ്ടായിരുന്ന നദി ഇന്ന് പലയിടത്തും ഓർമ മാത്രമാണ്. റവന്യു സംഘം നടത്തിയ പരിശോധനയിൽ 145 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്.
ഇതിൽ പലയിടത്തും ഇരുനില കെട്ടിടങ്ങൾ വരെ ഉയർന്നുകഴിഞ്ഞു. കുളിക്കാംപാലം മുതൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ നദി പൂർണമായും അപ്രത്യക്ഷമായ അവസ്ഥയിലാണ്. രാജഭരണകാലത്തെ രേഖകളിൽ പോലും ചിലയിടങ്ങളിൽ ആറിന്റെ അടയാളങ്ങളില്ല എന്നത് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു.
മലിനീകരണം
ഒഴുക്ക് നിലച്ചതോടെ നദി മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.
സമീപത്തെ കിണറുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമായ രീതിയിൽ വർധിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി.
100 മില്ലി വെള്ളത്തിൽ 4200 കോളിഫോം ബാക്ടീരിയയും 2800 ഫീക്കൽ കോളിഫോമും കണ്ടെത്തിയ സാഹചര്യത്തിൽ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രദേശവാസികൾക്ക് അധികൃതർ കർശനനിർദേശം നൽകിയിട്ടുണ്ട്.
ജനകീയാവശ്യം
നൂറുകണക്കിന് പാടശേഖരങ്ങളുടെ ജലസ്രോതസും പല ക്ഷേത്രങ്ങളുടെയും ആറാട്ടുകടവുമായ ഉത്തരപള്ളിയാറിനെ വീണ്ടെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആലാ റൂറൽ ഡെവലപ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റി സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണൻ പറഞ്ഞു.
നിലവിൽ കണ്ടെത്തിയ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും നിയമപരമായ സ്ഥലം കൈവശം വച്ചിരിക്കുന്നവർക്ക് ഉചതമായ നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കണമെന്നുമാണ് വിവിധ സംഘടനകളുടെ ആവശ്യം.
ഡിജിറ്റൽ സർവേ പൂർത്തിയായതോടെ, മാസ്റ്റർ പ്ലാൻ തയാറാക്കി എത്രയും വേഗം നദിയുടെ പഴയപ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.